വനിതാ കര്‍ഷകരുടെ ശരാശരി അടിസ്ഥാന വരുമാനം വര്‍ധിപ്പിച്ച് അവരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനായി ട്രാന്‍സ്ഫോം റൂറല്‍ ഇന്ത്യ ഫൗണ്ടേഷന് വാള്‍മാര്‍ട്ട് ഫൗണ്ടേഷന് 1.2 ദശലക്ഷം ഡോളര്‍ (ഏകദേശം 10 കോടി രൂപ) ധനസഹായം പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ ഏകദേശം 15,000 കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.സ്ത്രീകളുടെ നേതൃത്വത്തിലുള്ള പത്ത് സ്വയം സുസ്ഥിര എഫ്പിഒകള്‍ (കര്‍ഷക ഉല്പാദക സംഘടന) സൃഷ്ടിക്കുന്നതിലും വനിതാ കര്‍ഷകര്‍ക്ക് അവരുടെ ഉപജീവനമാര്‍ഗം ശക്തിപ്പെടുത്തുന്നതിനും വൈവിധ്യവല്‍ക്കരിക്കുന്നതിനുമുള്ള ഒരു പ്ലാറ്റ്ഫോം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ട് വര്‍ഷത്തെ പദ്ധതിയിലാണ് ഗ്രാന്റ് വിനിയോഗിക്കുക. ‘2028-ഓടെ ഒരു ദശലക്ഷം കര്ഷകരെയെങ്കിലും ഈ പദ്ധതിയില്ഉള്പ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഈ നിക്ഷേപം ഗ്രാമീണ മേഖലയിലെ കൂടുതല്‍ സ്ത്രീകളിലേക്ക് എത്തുകയും വരുമാനം വര്‍ധിപ്പിക്കാനും അധിക വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കാനും സഹായിക്കും’ വാള്‍മാര്‍ട്ട് ഫൗണ്ടേഷന് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ജൂലി ഗെര്‍ക്കി പറഞ്ഞു. പദ്ധതിക്ക് കീഴില്‍, ബിസിനസ് പ്ലാനുകള്‍ വികസിപ്പിക്കുന്നതിനും വിളവെടുപ്പിന് ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും എഫ്പിഒകള്‍ക്ക് സഹായം ലഭിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. ഡിജിറ്റല്‍ ബുക്ക് കീപ്പിംഗ്, മാനേജ്മെന്റ് കണ്ട്രോള് സിസ്റ്റങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യമായ സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടും. കൂടാതെ, മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തല്‍, വിളകളുടെ പോഷണത്തിനും സംരക്ഷണത്തിനുമുള്ള ജൈവ മിശ്രിതങ്ങള്‍, ജല പരിപാലനം എന്നിവക്കൊപ്പം വനിതാ കര്‍ഷകര്‍ക്കുള്ള പരിശീലനത്തെയും ഗ്രാന്റ് പിന്തുണയ്ക്കും. വാള്‍മാര്‍ട്ട് ഫൗണ്ടേഷന്റെ ഈ ഗ്രാന്റ് കര്‍ഷകരുടെയും സ്ത്രീകളുടെയും സ്ഥാപന മാതൃക വികസിപ്പിക്കുന്നതിനു സഹായിക്കുമെന്ന് ട്രാന്‍സ്ഫോം റൂറല്‍ ഇന്ത്യ ഫൗണ്ടേഷന് മാനേജിംഗ് ഡയറക്ടര്‍ അനീഷ് കുമാര്‍ പറഞ്ഞു.”,